CMDRF

ഗൗരവകരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്; കെ. സുരേന്ദ്രൻ

പൊതുസമൂഹത്തിന് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ് അൻവർ ഉന്നയിച്ചത്

ഗൗരവകരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്; കെ. സുരേന്ദ്രൻ
ഗൗരവകരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്; കെ. സുരേന്ദ്രൻ

കോഴിക്കോട്: പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന ആളാണ് പി.വി.അൻവർ എന്നാണ് സിപിഎം പറയുന്നത്. അപ്പോൾ അൻവറിനെ ഇത്രയും കാലം സംരക്ഷിച്ചത് ആരാണ്. മുഖ്യമന്ത്രിയേയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുകയാണ് പി.വി.അൻവർ ചെയ്യുന്നതെങ്കിൽ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ തയ്യാറാകാത്തതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

പൊതുസമൂഹത്തിന് ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ് അൻവർ ഉന്നയിച്ചത്. അത് അങ്ങനെ ഒറ്റവാക്കിൽ തള്ളിക്കളയാൻ സാധിക്കുന്നതല്ല. എന്തുകൊണ്ടാണ് അൻവറിനെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് സാധിക്കാതെ പോകുന്നത്. ആരോപണം ഉന്നയിച്ചപ്പോൾ അൻവറിനെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി എന്നാണ് പറഞ്ഞത്. അങ്ങനെ ഒത്തുതീർപ്പാക്കാൻ പറ്റുന്ന വിഷയങ്ങളാണോ ഇത്.

നിയമ വാഴ്ച പൂർണമായും തകർന്നു. ഒരന്വേഷണവും നടക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് കള്ളക്കടത്തിന് ഒത്താശ നൽകുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്.

സിപിഎമ്മിന് ഇതുപോലൊരു ഗതികേട് മുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും നാൾ അൻവറിന്റെ വാർത്താ സമ്മേളനം മലപ്പുറം സിപിഎം ഫെയ്സ്ബുക്കിലൂടെ ലൈവ് കൊടുക്കുകയായിരുന്നു. സിപിഎമ്മിന്റെ സൈബർ സഖാക്കളെല്ലാം അൻവറിനൊപ്പമാണ്. ഇപ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറി പറയുന്നു അൻവർ കള്ളക്കടത്തുകാരനാണെന്ന്. അൻവറിനെതിരെയുള്ള ആരോപണങ്ങളും ഗുരുതരമാണ്.

മരുമകൻ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ആത്മാഭിമാനത്തിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ എം.വി.ഗോവിന്ദൻ രാജി വച്ച് വേറെ വല്ല പണിക്കും പോകണം. ഈ സർക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള ധാർമികത ഇല്ല. മുഖ്യമന്ത്രി രാജിവച്ച് പുതിയ ജനവിധി തേടാൻ തയാറാകണം. ഞങ്ങൾ കേരളം ഭരിക്കാനുള്ള തയാറെടുപ്പിലാണ്. തൃശൂരിൽ വൻ വിജയം നേടിയത് പൂരം കലക്കിയിട്ടാണെന്ന് എൽഡിഎഫും യുഡിഎഫും കരുതുന്നുവെങ്കിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ. എങ്ങനെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന് ഞങ്ങൾക്കറിയാം. 2026ൽ തന്നെ ഭരണം പിടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Top