തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ആംബുലന്‍സിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍ കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയില്‍ നിന്ന് രണ്ട് രോഗികളെ ആശുപത്രിയില്‍ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലന്‍സ് കബാലിയുടെ മുന്നില്‍പ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് കബാലി കാടു കയറിയത്.
കബാലി ആംബുലന്‍സിന് നേരെ ചീറിയടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആംബുലന്‍സില്‍ രോഗികള്‍ ഇല്ലാത്തതിനാല്‍ വാഹനം നല്ല സ്പീഡില്‍ പിന്നോട്ട് എടുക്കാന്‍ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. റോഡില്‍ ഇറങ്ങി നിന്ന കബാലി വളരെ പെട്ടന്നാണ് ആംബുലന്‍സിന് നേരെ തിരിഞ്ഞ് ചീറിയടുക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ ആതിരപ്പിള്ളിയില്‍ റേഷന്‍ കട കാട്ടാന ആക്രമിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷനില്‍ ഒമ്പതാം ബ്ലോക്കില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ റേഷന്‍ കടയാണ് കാട്ടാന ആക്രമിച്ചത്.