കൊച്ചി: വിവാദ കാഫിർ പോസ്റ്റുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കാഫിർ പരാമർശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യൂത്ത് ലീഗ് നേതാവ് കാസിമിൻറെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം. കേസിൽ ഹരജിക്കാരനായ കാസിം ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ കാഫിർ ആണെന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റ്.
അതിനിടെ കാഫിർ പോസ്റ്റ് വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉയർത്തും. പോസ്റ്റർ പ്രചരിപ്പിച്ച മുൻ എം.എൽ.എക്കെതിരെ കേസെടുത്തോ എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്ന ബാർകോഴ വിവാദവും പ്രതിപക്ഷം നിയമസഭയിൽ ഉയർത്തുന്നുണ്ട്. ടി പി കേസിൽ പ്രതിപക്ഷ നേതാവിന് സ്പീക്കർ മറുപടി നൽകിയ വിഷയം സഭയിൽ ഉന്നയിക്കാൻ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവർ സി.പി. എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ട് അടിയന്തര പ്രമേയം ഉണ്ടാകാൻ സാധ്യതയില്ല.
അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിൽ മുൻ സിപിഎം എംഎൽഎ കെകെ ലതികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.
യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.