കാഫിർ പ്രയോഗം: കേരളത്തിൽ പിണറായിസമെന്ന് കെ മുരളീധരന്‍

കാഫിർ പ്രയോഗം: കേരളത്തിൽ പിണറായിസമെന്ന് കെ മുരളീധരന്‍
കാഫിർ പ്രയോഗം: കേരളത്തിൽ പിണറായിസമെന്ന് കെ മുരളീധരന്‍

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ പ്രതിഷേധം തുടരുമ്പോൾ. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച്. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നടക്കുന്നത് പിണറായിസമാണെന്നും സിപിഐഎം തെറ്റ് തിരുത്തിയില്ലെങ്കില്‍ ഒന്നര കൊല്ലം കഴിഞ്ഞാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരു സംഘിയെ പാര്‍ലമെന്റിലേക്ക് അയച്ചതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

”കേരളത്തില്‍ നടക്കുന്നത് പിണറായിസം. സിപിഐഎം തെറ്റ് തിരുത്തിയില്ലെങ്കില്‍ ഒന്നര കൊല്ലം കഴിഞ്ഞാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കാഫിര്‍ പ്രയോഗത്തില്‍ പൊലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തില്ലെങ്കില്‍ നിങ്ങള്‍ ആരും പെന്‍ഷന്‍ വാങ്ങില്ല. കരുവന്നൂര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപിക്ക് കള്ളവോട്ടിന് അവസരം ഒരുക്കി. കേരളത്തില്‍ നിന്ന് ഒരു സംഘിയെ പാര്‍ലമെന്റിലേക്ക് അയച്ചതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. നരേന്ദ്ര മോദി ഉത്തരേന്ത്യയില്‍ നടത്തുന്ന പ്രചരണത്തിന്റെ പതിപ്പാണ് കാഫിര്‍ പ്രയോഗം. മോദിയും പിണറായിയും തമ്മില്‍ അന്തര്‍ധാരയുണ്ട്,” മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ വേണു തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തു.

അതേസമയം കാഫിര്‍ വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും മുന്‍ എംഎല്‍എ കെ കെ ലതികയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവ് റിബേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡിവൈഎഫ്‌ഐ 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. അതില്‍ നിന്ന് തന്നെ പലതും ഒളിച്ചുവെക്കാനുണ്ടെന്ന് വ്യക്തമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണിടത്ത് കിടന്നുരുളുകയാണ്. കാഫിര്‍ വിവാദത്തിലൂടെ മാര്‍ക്‌സിസ്റ്റുകാര്‍ വര്‍ഗീയതയില്‍ ബിജെപിയെ കടത്തിവെട്ടിയെന്നും എം എം ഹസ്സന്‍ പറഞ്ഞു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് തെറ്റാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജനും പ്രതികരിച്ചു. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനായ ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടിഎടുക്കുമോ എന്ന ചോദ്യത്തിന് എം വി ജയരാജന്‍ പ്രതികരിച്ചില്ല.

Top