ന്യൂഡൽഹി: ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽനിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയിൽ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ദേശീയ തലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് രാജി.
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഡൽഹി സർക്കാരിൽ ഗതാഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കൈലാഷ് ഗെഹ്‌ലോത് രാജിവച്ചു.
Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍
ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും കത്ത് നൽകി.ലജ്ജാകരമായ നിരവധി വിവാദങ്ങൾ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാൻ വിനിയോഗിക്കുന്നതിനാൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമാണ്. ആം ആദ്മി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാൽ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നു.- കത്തിൽ അദ്ദേഹം പറഞ്ഞു.