കൈപ്പമംഗലം കൊലപാതകം; ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്

മുഖ്യപ്രതികളായ കണ്ണൂർ സംഘത്തിലെ സാദിഖ് ഉൾപ്പടെ നാലു പേരും പിടിയിലായവരിലുണ്ട്

കൈപ്പമംഗലം കൊലപാതകം; ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്
കൈപ്പമംഗലം കൊലപാതകം; ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്

തൃശ്ശൂർ: തൃശൂർ കൈപ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലൻസിൽ കയറ്റിവിട്ട സംഭവത്തിൽ ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂർ സംഘത്തിലെ സാദിഖ് ഉൾപ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നൽകാമെന്ന് പറഞ്ഞ് സാദിഖിൻറെ പക്കൽ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിൻറെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരൻറെ കൊലപാതകം.

അവിശ്വസനീയമായ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ തട്ടിപ്പിനിരയായ ആൾ കൊട്ടേഷൻ നൽകി. ആളെ വിളിച്ചു വരുത്തി തല്ലിക്കൊല്ലുകയായിരുന്നു. മരണമുറപ്പായതോടെ ആംബുലൻസിൽ കയറ്റി അയച്ച് പ്രതികൾ മുങ്ങി. കയ്പമംഗലത്ത് അരുൺ എന്ന ചാൾസ് ബഞ്ചമിന് കൊല്ലപ്പെട്ട് നാല്പത്തിയെട്ട് മണിക്കൂർ പിന്നിടും മുമ്പ് പ്രതികളെ മുഴുവൻ പിടികൂടിയതിൻറെ ആശ്വാസത്തിലാണ് പൊലീസ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. റേഡിയോ ആക്ടീവ് പദാർഥമായ ഇറിഡിയം നൽകാമെന്ന് പറഞ്ഞ് കണ്ണൂരിലെ ഐസ്ക്രീം വ്യാപാരിയായ സാദിഖിൽ നിന്ന് അമ്പത് ലക്ഷം പലപ്പോഴായി അരുൺ വാങ്ങി. കോയമ്പത്തൂരിൽ വച്ചുള്ള പരിചയത്തിൻറെ പുറത്തായിരുന്നു ഇടപാട്. അരുണും സുഹൃത്തായ ശശാങ്കനും ചേർന്നായിരുന്നു പണം തട്ടിയത്. അരുണും ശശാങ്കനുമായി തെറ്റിയ മറ്റൊരാൾ തട്ടിപ്പ് വിവരം സാദിഖിനെ അറിയിച്ചു. ചതി മനസ്സിലാക്കിയ സാദിഖ് കയ്പമംഗലത്തുള്ള തക്കുടു എന്നു വിളിപ്പേരുള്ള ഗുണ്ടയ്ക്ക് കൊട്ടേഷൻ നൽകി. ഇയാൾ കയ്പമംഗലം സ്റ്റേഷൻ പരിധിയിലെ ഗുണ്ടയാണ്.

സംഘാംഗങ്ങൾ തൃശൂരിലേക്ക് അരുണിനെയും ശശാങ്കനെയും വിളിച്ചു വരുത്തുകയും കാറിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയുമയിരുന്നു. പിന്നീട് കയ്പമംഗലത്തെ വീട്ടിലെത്തിച്ചും മർദ്ദനം തുടർന്നു. മരണപ്പെട്ടെന്ന് ഉറപ്പായതോടെ ആംബുലൻസ് വിളിച്ചുവരുത്തി കയറ്റി അയച്ചു. പൊലീസ് തേടിത്തുടങ്ങിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു. പന്ത്രണ്ട് പ്രതികളിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒമ്പത് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

അതിനിടെ കൊല്ലപ്പെട്ട അരുണിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശരീരത്തിൽ മർദ്ദനമേറ്റ അമ്പതിലേറെ പരിക്കുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നൽകുന്ന പ്രാഥമിക സൂചന.

Top