CMDRF

കാലനായി കല്ലട ബസ്; നിയമങ്ങള്‍ സാധാരണകാരന് മാത്രമോ…!

കാലനായി കല്ലട ബസ്; നിയമങ്ങള്‍ സാധാരണകാരന് മാത്രമോ…!
കാലനായി കല്ലട ബസ്; നിയമങ്ങള്‍ സാധാരണകാരന് മാത്രമോ…!

രോ ദിവസവും കേള്‍ക്കുന്ന റോഡ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിലെ വില്ലനോ കല്ലട ബസും. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മാടവന സിഗ്‌നലില്‍ ഉണ്ടായ അപകടത്തില്‍ സിഗ്‌നലില്‍ വണ്ടി നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികന്റെ മുകളിലേക്ക് കല്ലട ബസ് വന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവര്‍ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരുക്കേറ്റല്‍ക്കുകയുമുണ്ടായത്. സിഗ്‌നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാന്‍ കാരണം.

ഇത്രയും വലിയ അപകടം നടത്തിട്ടും അവരുടെ മരണക്കളി തീരുന്നില്ല. ഇന്നലെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ മലയാളിയുടെ പിക് അപ് വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു കല്ലട ബസ്. ഡ്രൈവര്‍ അടക്കം പിക് അപ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഗുണ്ടല്‍പേട്ട് ചെക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ട വാഹനമാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. ഇത്രയും അപകടങ്ങള്‍ ഉണ്ടാക്കിട്ടും എന്ത് നടപടിയാണ് എടുത്തത്. എംവിഡിക്ക് ആകെ അറിയുന്നത് ആരെങ്കിലും കാര്‍ മോഡിഫിക്കേഷന്‍ നടത്തുന്നുണ്ടോ, ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിക്കുന്നുണ്ടോ, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊക്കെ മാത്രമാണ്. അല്ലെങ്കിലും പണം ഉള്ളവര്‍ക്ക് ഈ നാട്ടില്‍ എന്തും ആവാം എന്ന് ആണല്ലോ.

മാടവനയില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകള്‍ ആണ്. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് വ്യക്തമാക്കി. എന്ത് കൊണ്ടിവര്‍ കൃത്യമായി പരിശോധന നടത്തുന്നില്ല. ഏതെങ്കിലും അപകടങ്ങള്‍ ഉണ്ടായി കഴിഞ്ഞ് അതില്‍ ആരുടെയെങ്കിലും ജീവന്‍ പൊലിയുമ്പോള്‍ മാത്രം നടത്തുന്ന ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ കണ്ട് ജനങ്ങള്‍ മടുത്തതാണ്. എന്തിന് ഏറെ പറയുന്നു ഇനിയും ഇത്തരത്തില്‍ ആരുടെ എങ്കിലും ജീവന്‍ പോയാല്‍ മാത്രമേ അടുത്ത പരിശോധന ഉണ്ടാവുകയുള്ളു.

കല്ലട ബസ് നടത്തുന്ന ആദ്യത്തെ അപകടവുമല്ല ഇത്. ഒരുപാട് തവണ വാര്‍ത്തകളില്‍ കല്ലട ബസ് നടത്തിയ അപകടങ്ങള്‍ നമ്മള്‍ കേട്ട് കഴിഞ്ഞതാണ്. കഴിഞ്ഞ വര്ഷം പാലക്കാട് ബസ് മറിഞ്ഞപ്പോള്‍ മരിച്ചത് രണ്ടു പേരാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കൃത്യമായ രീതിയില്‍ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ്. എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നതില്‍ അത്ഭുതപെടാന്‍ ഒന്നുമില്ല. ഇന്നത്തെ കാലത് പണം ഉണ്ടെങ്കില്‍ നിയമത്തെ വിലക്ക് വാങ്ങാം, ആരെയും കൊല്ലാം, യാതൊരു വിധ ഭയവും കൂടാതെ അത് ആവര്‍ത്തിക്കാം. അമിത വേഗത്തില്‍ എത്ര വണ്ടി ഓടിച്ചാലും ആരെ കൊന്നാലും അവര്‍ക്ക് ആരെയും പേടിയില്ല. ഇവര്‍ക്ക് എതിരെ കോടതിയെങ്കിലും സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇനിയും അപകടങ്ങളില്‍ ആരുടേയും ജീവന്‍ പൊലിയാതിരിക്കട്ടെ….

Top