റാഞ്ചി: ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജെഎംഎം നേതാവ് കല്‍പ്പന സോറന്‍ എംഎല്‍എ രംഗത്ത്. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്‍ പറഞ്ഞു.
മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ, അവിടെ ഭരണത്തില്‍ ബിജെപി ആയിരുന്നില്ലേ? ജാര്‍ഖണ്ഡില്‍ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തുള്ള വികസനമാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജെഎംഎം വോട്ട് തേടുന്നത്’, കല്‍പ്പന പറഞ്ഞു.
ജാര്‍ഖണ്ഡുകാരുടെ ഭക്ഷണവും പെണ്‍കുട്ടികളെയും നുഴഞ്ഞുകയറ്റക്കാര്‍ തട്ടിയെടുക്കുന്നുവെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. ഇതിനെതിരെയാണ് കല്‍പ്പന സോറന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടേത് ഇരട്ടത്താപ്പ് നയമെന്നും കല്‍പ്പന പറഞ്ഞു. ഗാണ്ഡേ സീറ്റില്‍ നിന്ന് തന്നെയാണ് കല്‍പ്പന സോറന്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.