പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറ്റം. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. രാവിലെ ഏഴുമുതൽ വേദപാരായണം, വൈകീട്ട് യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയുമുണ്ട്.
രാവിലെ 10.30-നും 11-നുമിടയിലാണ് ധ്വജാരോഹണം. വൈകീട്ട് കാളിയമർദന അലങ്കാരത്തിലാണ് പെരുമാളെ എഴുന്നള്ളിക്കുക. ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 10.30 നാണ് കൊടിയേറ്റം. ഒന്നാം തേര് നാളായ 13 ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. നവംബർ 15 നാണ് ദേവാരാധ സംഗമം. കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Also Read: സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല
അതേസമയം, പാലക്കാട് മത്സരിക്കുന്ന സ്ഥാനാർഥികൾ ഇന്ന് ക്ഷേത്രം സന്ദർശിക്കും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്തുകയെന്ന് കളക്ടര്‍ അറിയിച്ചു.