വാഷിങ്ടൺ: വരാനിരിക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന സർവേ റിപ്പോർട്ടിൽ മുന്നേറ്റവുമായി ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ്. ഏറ്റവും പുതിയ സർവേ പ്രകാരം ഡൊണാൾഡ് ട്രംപിനെതിരെ കമലാ ഹാരിസിന് ഒരു ശതമാനം മുൻതൂക്കമുണ്ട്. ഞായറാഴ്ച പുറത്തിറക്കിയ സി.ബി.എസ് ന്യൂസ്/യൂഗോവ് വോട്ടെടുപ്പ് പ്രകാരമാണ് കമല ഹാരിസിന് രാജ്യവ്യാപകമായി മുന്നേറാൻ കഴിഞ്ഞത്.
സർവേയോട് പ്രതികരിച്ചവരിൽ 51 ശതമാനം പേർ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മാനസികമായി പ്രാപ്തനാണെന്ന് വിലയിരുത്തിയത്. അതേസമയം കമല ഹാരിസിനെ 64 ശതമാനം പേർ പിന്തുണച്ചു. കമല ഹാരിസ് യു.എസ് പ്രസിഡന്റായി വിജയിച്ചാൽ സാമ്പത്തികമായി മെച്ചപ്പെടുമെന്ന് 25 ശതമാനം പേർ പ്രതീക്ഷിക്കുന്നു.
ട്രംപിനെക്കുറിച്ച് 45 ശതമാനം പേരാണ് അങ്ങനെ അഭിപ്രായപ്പെട്ടത്. സ്ഥാനാർത്ഥികളുടെ സ്വഭാവത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ, വോട്ടർമാർ ട്രംപിനേക്കാൾ കമലഹാരിസിനെ പിന്തുണച്ചു.
അതിനിടെ, മിനസോട്ട ഗവർണർ ടിം വാൾസ്, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ, അരിസോണയിലെ സെനറ്റർ മാർക്ക് കെല്ലി എന്നിവരെല്ലാം ഞായറാഴ്ച വാഷിംഗ്ടണിൽ കമല ഹാരിസിനെ സന്ദർശിച്ചിരുന്നുവെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.