വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വർധിക്കുന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വർധിച്ചിട്ടുണ്ട്. അപ്രുവൽ റേറ്റിങ്ങിൽ 43 ശതമാനം പേർ കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോൾ 42 ശതമാനം പേർ എതിരാണ്. എ.ബി.സി ന്യൂസും ഇപ്സോസും ചേർന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞയാഴ്ച ഇതേ പോൾ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിർക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടർമാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരം വോട്ടർമാരിൽ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.
അതേസമയം, ഡോണൾഡ് ട്രംപിന്റെ പിന്തുണയിൽ ഇടിവ് വന്നിട്ടുണ്ട്. നിലവിൽ 36 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്. 53 ശതമാനം പേർ ട്രംപിനെ എതിർക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച 40 ശതമാനം പേർ ട്രംപിനെ പിന്തുണച്ച സ്ഥാനത്താണ് ഇപ്പോൾ ഇടിവുണ്ടായിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കമല ഹാരിസിന് വേണ്ടി 200 മില്യൺ ഡോളർ സ്വരൂപിച്ചുവെന്ന് അവരുടെ പ്രചാരണ വിഭാഗം അറിയിച്ചു. 1,70,000 പുതിയ വളണ്ടിയർമാരും അവർക്ക് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമല ഹാരിസിന്റെ പ്രചാരണ വിഭാഗം ഡെപ്യുട്ടി മാനേജർ റോബ് ഫ്ലാഹർട്ടി പറഞ്ഞു.