പെന്‍സില്‍വാനിയ: എതിരാളിയായി ബൈഡന് പകരം കമല ഹാരിസ് എത്തിയതോടെ അഭിപ്രായ സര്‍വേകളില്‍ ട്രംപിന്റെ ലീഡില്‍ ഇടിവ്. വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ സര്‍വേ പ്രകാരം ട്രംപിന്റെ ലീഡ് ആറ് പേയിന്റില്‍ നിന്ന് രണ്ടായി കുറഞ്ഞു. നിര്‍ണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെന്‍സില്‍വേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം കമല ഹാരിസിന് ഉറപ്പിച്ചായിരുന്നു ഇന്നലെ ബറാക്ക് ഒബാമയും മിഷേല്‍ ഒബാമയും പ്രതികരിച്ചത്. ഇത്രയും ദിവസം ഇക്കാര്യത്തില്‍ മൗനം തുടര്‍ന്ന മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഇന്നലെ കമലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒബാമക്കൊപ്പം ഭാര്യ മിഷേല്‍ ഒബാമയും കമല ഹാരിസിന് പിന്തുണ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുകൊണ്ട് ബൈഡന് കമലാ ഹാരിസിന്റെ പേര് നിര്‍ദ്ദേശിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഒബാമ ഇക്കാര്യത്തില്‍ മനസ് തുറന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ മാത്രം മൗനം തുടരുകയായിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് ഒടുവില്‍ ഒബാമ നിലപാട് വ്യക്തമാക്കിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രംഗത്തെത്തിയത്. സ്ഥാനാര്‍ഥിയാകുന്നതിന് ആവശ്യമായ വിവിധ ഔദ്യോഗിക രേഖകളില്‍ കമലാ ഒപ്പു വെച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം സാമൂഹിക മാദ്ധ്യമമായ എക്സിലൂടെയാണ് കമലാ ഹാരിസ് പങ്കുവച്ചത്. നവംബറില്‍ നടക്കുന്ന ജനകീയ പ്രചാരണം വിജയിക്കുമെന്നും, ഓരോ വോട്ടും നേടാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും കമല എക്സ് വഴിയറിയിച്ചു.
നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ ആവശ്യമായ ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉറപ്പിച്ചിരുന്നു. ഇതുവരെ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്റായിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യത്തെ ഇന്തോ – ആഫ്രിക്കന്‍ വംശജയും വനിതയെന്ന ഖ്യാതിയും നേരത്തെ തന്നെ സ്വന്തമാക്കിയ കമല ഹാരിസിന് 59 വയസ് പ്രായമുണ്ട്.