വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ജോ ബൈഡനേക്കാൾ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസെന്ന് സർവേ റിപ്പോർട്ട്. സി.എൻ.എന്നാണ് ഇതുസംബന്ധിച്ച് സർവ്വേ നടത്തിയത്. ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർവ്വേഫലം.
സി.എൻ.എന്നിന്റെ സർവ്വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തിൽ വോട്ടർമാരുടെ പിന്തുണയിൽ ഇരുവർക്കുമിടയിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.
സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാൽ, സ്ഥാനാർഥിയായി ബൈഡനെത്തുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് കിട്ടുന്ന സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ നിന്നു തന്നെ ആവശ്യമുയർന്നിരുന്നു. സാധാരണ ഗതിയിൽ അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലർത്തിയതെന്ന എപ്പോഴും ചർച്ചയാവാറുണ്ട്.
എന്നാൽ ഇത്തവണ നടന്ന സംഭവങ്ങൾ പലതും അസാധാരണമായി. ജോ ബൈഡൻറെ പ്രകടനത്തെ ചൊല്ലി സ്വന്തം പാർട്ടിയായ ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ പൊട്ടിത്തെറിയുണ്ടായി. പലയിടത്തും ബൈഡൻറെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നെന്നും ദയനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിമർശനമുയർന്നു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ബൈഡന് കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്കുകൾ നഷ്ടപ്പെട്ടതും ബൈഡൻറെ പ്രായാധിക്യം കാരണമാണെന്ന് വിലയിരുത്തപ്പെട്ടു.90 മിനിറ്റ് നീണ്ടുനിന്ന സംവാദം, നാലര കോടിയോളം പേർ ടെലിവിഷനിലൂടെ കണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.