ന്യൂയോര്‍ക്ക്: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ്. സാമാന്യ ബോധത്തിലും യാഥാര്‍ഥ്യ ബോധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ അവസാന ദിനത്തില്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തില്‍ കമല പറഞ്ഞു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്, എന്നാല്‍ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന കാലഘട്ടം അതീവ ഗൗരവ സാഹചര്യങ്ങളുടേതായിരുന്നുവെന്നും കമല വിമര്‍ശിച്ചു.
അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല പറഞ്ഞു. ഒക്ടോബര്‍ 7ന് ഇസ്രായേലിലുണ്ടായ ആക്രമണം പറഞ്ഞറിയിക്കാനാകാത്തതാണെന്നും അതേസമയം ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായും കമല പറഞ്ഞു.