വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ പ്രചാരണ ഫണ്ടിലേക്ക് ആദ്യ ആഴ്ചയില്‍ തന്നെ 20 കോടി ഡോളര്‍ സംഭാവന ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ധനസമാഹരണ ക്യാമ്പയിനില്‍ പങ്കാളികളായവരില്‍ ഭൂരിപക്ഷം പേരും ആദ്യമായി സംഭാവന നല്‍കുന്നവരാണെന്നും പാര്‍ട്ടി അറിയിച്ചു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് കമലാ ഹാരിസന്റെ ധനസമാഹരണ ക്യാമ്പയിന് ലഭിച്ചത്. സംഭവന നല്‍കിയവരില്‍ 66 ശതമാനം പേരും ആദ്യമായാണ് പ്രചാരണ ഫണ്ടിലേക്ക് പണം നല്‍കുന്നത്. പ്രചാരണത്തില്‍ സഹായിക്കാന്‍ ഒരു ലക്ഷത്തി 70,000 ത്തിലധികം പുതിയ വളന്‍ഡിയര്‍മാര്‍ സന്നദ്ധത അറിയിച്ചതായും കമലാ ഹാരിസിന്റെ പ്രചാരണ മനേജര്‍ എക്‌സില്‍കുറിച്ചു.
ഏറ്റവും പുതിയ സര്‍വേ ഫലങ്ങളിലും കമലക്ക് വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പിന്തുണയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയില്‍ 8 പോയിന്റ് മുന്നിലായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ ലീഡ്. ഇത് ഒന്നായി കുറഞ്ഞെന്നാണ് ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്. അതേസമയം, 25-ാം ഭേദഗതിയിലൂടെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചതെന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.