വാഷിങ്ടൺ: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം കനക്കവേ ബോളിവുഡ് സ്റ്റൈലിലുള്ള പാട്ടുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യു എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. “നാച്ചോ നാച്ചോ” എന്ന ഗാനമാണ് കമലയുടെ പ്രചാരണത്തിനായുള്ള നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്.
തെക്കേ ഏഷ്യൻ വോട്ടർമ്മാരെ ലക്ഷ്യമിട്ടാണ് ഗാനം പുറത്തിറക്കിയത്. ഹമാരി യേ കമലാ ഹാരിസ് എന്ന ഹിന്ദി വരികളും ഇലക്ഷൻ പ്രചരണ കാഴ്ചകളും അടങ്ങിയ പാട്ടിന് 1 .5 ദൈർഘ്യമാണുള്ളത്. സംവിധായകൻ രാജമൗലിയുടെ ആർ ആർ ആർ എന്ന സിനിമയിലെ ജനപ്രിയ ഗാനമായ നാട്ടു നാട്ടു താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിരിക്കുന്നത്.
Read Also: യു.എസ് സൈന്യത്തിന്റെ ഡ്രോൺ വെടിവെച്ചിട്ട് ഹൂതികൾ
പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യൻ വോട്ടർമ്മാരെ ഗാനത്തിന് സ്വാധീനിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. റിതേഷ് പാരിക് ശിബാനി കശ്യപ് കൂട്ടുകെട്ടിലാണ് പാട്ടിന്റെ രൂപപ്പെടൽ. ഹിന്ദി , തമിഴ് , ഗുജറാത്തി , പഞ്ചാബി ,തെലുങ്ക് ഭാഷകളിലുള്ള കമ്മ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങൾ വിഡിയോയിലുണ്ട്.
‘പ്രകാശ പൂരിതമായൊരു ‘ ഭാവിയുടെ പ്രതിനിധിയാണ് കമലയെന്ന് ഭൂട്ടോറിയ പറഞ്ഞു. നമ്മുടെ സമൂഹത്തെ ഈ നിർണായക തിരഞ്ഞെടുപ്പിൽ ഒന്നിപ്പിക്കുന്നതിനാണ് ബോളിവുഡ് ഗാനം ഉപയോഗിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.