വാഷിങ്ടൺ: നവംബർ അഞ്ചിനുനടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിർസ്ഥാനാർഥികളായ കമലാഹാരിസും ഡൊണാൾഡ് ട്രംപും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ ടെലിവിഷൻ സംവാദം ഇന്ന് നടക്കും. സംവാദം 90 മിനിറ്റ് നീളും. പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിലുള്ള എൻസിസി സെന്ററാണ് എബിസി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിന്റെ വേദി.
എബിസി ന്യൂസ് ലൈവ്, ഡിസ്നി പ്ലസ്, ഹുലു പ്ലാറ്റ്ഫോമുകളിലും സംവാദം സ്ട്രീം ചെയ്യും. റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എബിസിയുടെ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സംവാദ വ്യവസ്ഥകളിൽ ഉറപ്പ് ലഭിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു. സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും, സ്ഥാനാർത്ഥി കുറിപ്പുകൾ കൈവശം വയ്ക്കരുത്, മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ല, കാണികൾ ഉണ്ടാകില്ല തുടങ്ങി പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച നിബന്ധനകൾ പാലിക്കും. സംവാദത്തിലുട നീളം മൈക്ക് ഓൺ ആക്കി വയ്ക്കണമെന്ന കമലയുടെ ആവശ്യം ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
Also Read: 70 യുക്രേനിയൻ ഡ്രോണുകൾ തകർത്ത് റഷ്യ
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചകളിലേക്ക് നീങ്ങവേ, ഞായറാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ അഭിപ്രായസർവേകളിൽ ട്രംപും കമലയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ന്യൂയോർക്ക് ടൈംസും സിയന കോളേജും ചേർന്നുനടത്തിയ സർവേയിൽ ട്രംപിനെ 48 ശതമാനംപേർ പിന്തുണയ്ക്കുമ്പോൾ കമലയ്ക്ക് 47 ശതമാനം വോട്ടു കിട്ടി.
Also Read: കമല ഹാരിസിനായി പ്രചാരണ ഗാനം പുറത്തിറക്കി ഇന്ത്യന്‍ വംശജര്‍
സി.ബി.എസ്. ന്യൂസും പോളിങ് സ്ഥാപനമായ യുഗവുംചേർന്ന് നടത്തിയ മറ്റൊരുസർവേയിൽ നിർണായകസംസ്ഥാനങ്ങളായ മിഷിഗനിലും വിസ്‌കോൺസിനിലും കമലയ്ക്ക് ട്രംപിനെക്കാൾ ഒരുശതമാനം വോട്ടിന്റെ ലീഡുണ്ട്. പെൻസിൽവേനിയയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.