കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. 25 യാത്രക്കാർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാറും അഗർത്തലയുമായി ബന്ധിപ്പിക്കുന്ന കാഞ്ചൻജംഗ എക്സ്പ്രസ് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയതും ഇടുങ്ങിയതുമായി സിലിഗുരി ഇടനാഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇത് മറ്റു ട്രെയിനുകളെയും ബാധിച്ചേക്കും.