ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെ കങ്കണ

ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ  അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെ കങ്കണ
ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ  അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെ കങ്കണ

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് വിമർശിച്ച് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ചടങ്ങിന്റെ നിരവധി ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് അവർ വിമർശനമുന്നയിച്ചത്. അന്ത്യ അത്താഴത്തെ നിന്ദിക്കുന്ന തരത്തിലുള്ള അവതരണമാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ നടന്നതെന്ന് കങ്കണ പറഞ്ഞു. 2024 ഒളിമ്പിക്സിനെ ഇതുപോലെയാണ് ഫ്രാൻസ് സ്വീകരിച്ചിരിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർ നൽകാനുദ്ദേശിക്കുന്ന സന്ദേശമെന്താണെന്ന് കങ്കണ ചോദിക്കുന്നു. അന്ത്യ അത്താഴത്തിന്റെ അവതരണത്തിൽ കുട്ടിയെ ഉപയോ​ഗിച്ചതിനെതിരെയും അവർ ശബ്ദമുയർത്തുന്നുണ്ട്. നീല നിറം പൂശിയ ന​ഗ്നനായ ഒരാളെ ക്രിസ്തുവായി അവതരിപ്പിച്ചതിലൂടെ മൊത്തം ക്രിസ്തുമതത്തേയും പരിഹസിക്കുകയാണെന്നും ഇടതുപക്ഷക്കാർ 2024 ഒളിമ്പിക്സിനെ ഹൈജാക്ക് ചെയ്തെന്നും നാണക്കേടാണിതെന്നും കങ്കണ പറഞ്ഞു.

“ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഞാനൊരിക്കലും ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല. പക്ഷേ ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? എന്തിനാണ് എല്ലാ രാജ്യങ്ങളുടെയും ഗെയിമുകൾ, കായിക പങ്കാളിത്തം, മനുഷ്യൻ്റെ മികവ് എന്നിവയ്ക്കുമേൽ ലൈംഗികത ആധിപത്യം സ്ഥാപിക്കുന്നത്? എന്തുകൊണ്ട് ലൈംഗികത നമ്മുടെ കിടപ്പുമുറിയിൽ മാത്രം ഒതുക്കിക്കൂടാ? ഇത് വിചിത്രമാണ് !!” കങ്കണ പോസ്റ്റ് ചെയ്തു.

അതേസമയം അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചു എന്നവിമർശനം കങ്കണയേക്കൂടാതെ ഉന്നയിക്കുന്നവർ നിരവധിയാണ്. ഇത്തരം അവതരണങ്ങൾ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിന് ചേർന്നതല്ല എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഫ്രാൻസ് ഇങ്ങനെയൊരു പ്രദർശനം അനുവദിക്കാൻ ഒരു വഴിയുമില്ല, കാരണം ആരും മറ്റ് വിശ്വാസങ്ങളോട് അങ്ങനെ ചെയ്യില്ല. മറ്റൊരു സമൂഹത്തെ അനാദരിക്കാതെ നിങ്ങൾക്ക് ആഘോഷിക്കാം എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഒളിമ്പിക്സിൽ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Top