ഡൽഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെച്ച് ഹമാചല്‍ പ്രദേശിലെ മണ്ഡിയിൽ ജയിച്ച നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് മർദനമേറ്റതായി റിപ്പോർട്ട്. ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചതായാണു വിവരം. കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണു മർദിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 3.30നാണ് സംഭവം.
സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ തള്ളുകയും ചെയ്തു. തുടർന്നു കുൽവീന്ദർ കൗർ കങ്കണയെ അടിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നാലെ കർഷകരെ അപമാനിച്ചതിനാണ് മർദിച്ചതെന്നു ഉദ്യോഗസ്ഥ പറഞ്ഞതായാണു വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ്ങിനെതിരേയാണ് കങ്കണയെ ബിജെപി രംഗത്തിറക്കിയത്. റാംപൂര്‍ രാജകുടുംബത്തിന്റെ അനന്തരാവകാശി കൂടിയാണ് വിക്രമാദിത്യ സിങ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മാണ്ഡി.