CMDRF

രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കങ്കണ

രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കങ്കണ
രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കങ്കണ

മാണ്ഡി: രാഹുൽ പാർലമെൻ്റിൽ അസംബന്ധ പ്രസ്താവനകൾ നടത്തുന്നുവെന്നും അദ്ദേഹത്തെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പാർലമെൻറിലെ രാഹുലിൻറെ പ്രസംഗമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽപ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന്, ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

”കുത്തക മൂലധനത്തിൻറെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിർമിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാവരും അതിൽ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾ നിർമിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെൻസസ് നടത്തി ഭേദിക്കും.21ാം നൂറ്റാണ്ടിൽ മറ്റൊരു ചക്രവ്യൂഹം നിർമിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്.

കർഷകർ, തൊഴിലാളികൾ, ചെറുകിട ഇടത്തരം വ്യവസായികൾ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ മുൻപ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോൾ ചെറുപ്പക്കാരോടും സ്ത്രീകളോടും കർഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുൽ പ്രസംഗത്തിൽ കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേർന്ന് രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയെന്നും രാഹുൽ ആരോപിച്ചിരുന്നു.

Top