ബെംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ പ്രതികളിലൊരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാള്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്നാണ് പറയുന്നത്. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദര്‍ശന്റെ നിര്‍ദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നും പറയുന്നു. കേസില്‍നിന്ന് ദര്‍ശനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദര്‍ശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദര്‍ശന്‍ ക്രൂരമായി മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാള്‍.
ഇതിനിടെ ചിത്രദുര്‍ഗയില്‍നിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാര്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്. കേസിലെ എട്ടാംപ്രതിയായ ഇയാള്‍ ചിത്രദുര്‍ഗ ഡി.വൈ.എസ്.പി.ക്കുമുമ്പാകെയാണ് കീഴടങ്ങിയത്. അന്വേഷണത്തിന്റെ പ്രധാനചുമതലയില്‍നിന്ന് ബെംഗളൂരു കാമാക്ഷിപാളയ എസ്.ഐ. ഗിരീഷ് നായക്കിനെ മാറ്റി. പകരം അസിസ്റ്റന്റ് കമ്മിഷണര്‍ ചന്ദന്‍ ഗൗഡയെ അന്വേഷണഉദ്യോഗസ്ഥനാക്കി. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ദര്‍ശനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്നത്. ഇവിടെ ദര്‍ശന് പോലീസ് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില രാഷ്ട്രീയനേതാക്കള്‍ ദര്‍ശനുവേണ്ടി ഇടപെടുന്നതായും ആരോപണമുണ്ട്. സ്റ്റേഷന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുറത്തുനിന്നുകാണാനാകാത്തവിധംസ്റ്റേഷന്‍ പന്തല്‍കെട്ടി മറച്ചിരുന്നു. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.