ബെംഗളുരു: കന്നഡ സിനിമാ താരം ദര്‍ശന്‍ പ്രതിയായ രേണുകാസ്വാമി കൊലക്കേസില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് നടന്‍ കിച്ചാ സുദീപ്. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ജനങ്ങള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുകയാണെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിക്കൂവെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സുദീപിന്റെ പ്രതികരണം.
‘മാധ്യമങ്ങളില്‍ വരുന്നതു മാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാന്‍ മാധ്യമങ്ങളും പൊലീസും പരിശ്രമിക്കുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അര്‍ഹിക്കുന്നുണ്ട്. തെരുവില്‍ക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. ഈ കേസില്‍ നീതി വിജയിക്കണം’ കിച്ചാ സുദീപ് പറഞ്ഞു. രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടന്‍ ദര്‍ശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. സിനിമ എന്നാല്‍ ഒന്നോ രണ്ടോ ആളുകളല്ല. ഒരുപാട് താരങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണിത്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇന്‍ഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.
നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ അറസ്റ്റിലായത്. ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാസ്വാമിയുടെ ശരീരത്തില്‍ 15 മുറിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേണുകാസ്വാമിയുടെ തല മിനി ട്രക്കില്‍ ഇടിച്ചതായും പറയുന്നുണ്ട്. ബെംഗളൂരുവിലെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു മിനി ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച മരത്തടികള്‍, ലെതര്‍ ബെല്‍റ്റ്, കയര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദര്‍ശനും പവിത്രയ്ക്കും പുറമെ 11 പേര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലാണ്.