കണ്ണൂർ വിസിക്കെതിരെ നടപടി ആവശ്യം; രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ

കണ്ണൂർ വിസിക്കെതിരെ നടപടി ആവശ്യം; രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ
കണ്ണൂർ വിസിക്കെതിരെ നടപടി ആവശ്യം; രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ

കണ്ണൂർ: സർവകലാശാലാ വൈസ് ചാൻസലർ (വിസി) കെ.കെ.സജുവിനെ രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ.സെനറ്റിലെ ഇടത് അംഗങ്ങളുമായി ചേർന്ന് വിസി കെ.കെ.സജു അജൻഡ പിൻവലിക്കുകയായിരുന്നെന്നും വിസിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സെനറ്റിലെ യുഡിഎഫ് അംഗങ്ങൾ ചാൻസലറായ ആരിഫ് മുഹമ്മദ് ഖാന് കത്തയക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗവർണർ വിളിപ്പിച്ചത്. ഇന്ന് 4.30ന് ആണ് വിസി ഗവർണറെ കാണുക. ഇടത് അംഗങ്ങളുടെ താൽപര്യത്തിനനുസരിച്ച് മിനിറ്റ്സ് തിരുത്താൻ വിസി കൂട്ടുനിന്നെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം കൺവീനർ ഡോ.ഷിനോ പി.ജോസ് പറഞ്ഞു.

വിദ്യർത്ഥി പ്രതിനിധി, സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി പ്രതിനിധി, സേർച് കമ്മിറ്റി പ്രതിനിധി തിരഞ്ഞെടുപ്പ് എന്നിങ്ങനെ 3 അജൻഡയാണ് 19ന് നടന്ന സെനറ്റ് യോഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തെ രണ്ടും തിരഞ്ഞെടുപ്പിലൂടെ നടന്നു. മൂന്നാമത്തെ അജൻഡ എടുത്തപ്പോൾ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സെനറ്റ് അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പ്രമേയം കൊണ്ടുവന്നു. ഇതിനെ യുഡിഎഫ് അംഗങ്ങൾ എതിർത്തു. അതോടെ പ്രമേയാവതരണം നടന്നില്ല. തർക്കത്തെ തുടർന്ന് അജൻഡയിലെ വിഷയം അംഗങ്ങളുടെ അഭിപ്രായം അറിയാൻ വിസി വോട്ടെടുപ്പിനു വച്ചു.

ഇതിൽ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത് പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്നായിരുന്നു. സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന കാര്യം സുപ്രീം കോടതി പരിഗണനയിൽ ആണെന്നിരിക്കെ അതുകൊണ്ടാണ് ഇതിനെ എതിർത്തതെന്നാണ് സെനറ്റ് അംഗമായ മന്ത്രി ഒ.ആർ.കേളു പറഞ്ഞിരുന്നത്. കൂടുതൽപേർ പ്രതിനിധിയെ അയയ്ക്കേണ്ടതില്ലെന്നു തീരുമാനമെടുത്തതുകൊണ്ടാണ് മൂന്നാമത്തെ അജൻഡ പിൻവലിച്ചതെന്നാണ് റജിസ്ട്രാർ പ്രഫ.ജോബി കെ.ജോസ് പറഞ്ഞത്.

എന്നാൽ പി.പി.ദിവ്യ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ അംഗങ്ങളുടെ ഇടപെടലിനെ തുടർന്നു പിൻവലിക്കാൻ നിർബന്ധിതരായപ്പോൾ ഇടതുപക്ഷം കൊണ്ടുവന്ന മറുതന്ത്രം ആയിരുന്ന അജൻഡ പിൻവലിക്കലെന്നും അതിന് വിസി കൂട്ടുനിന്നു എന്നുമാണ് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം ആരോപിക്കുന്നത്. ഇതുസംബന്ധിച്ചാണ് ഗവർണർക്കു പരാതി നൽകിയത്. സെനറ്റ് യോഗം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അതു പ്രസിദ്ധീകരിക്കണമെന്നും സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. സെനറ്റ് യോഗത്തിലെ മൂന്നാമത്തെ അജൻഡ സംബന്ധിച്ച് തനിക്കൊരു പരാതിയും ലഭിച്ചില്ലെന്നാണ് വിസി ഡോ.കെ.കെ.സജു അറിയിച്ചത്.

Top