CMDRF

കന്‍വാര്‍യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

കന്‍വാര്‍യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
കന്‍വാര്‍യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവിന് നിലവിൽ സുപ്രീംകോടതിയുടെ സ്‌റ്റേയുണ്ട്. ഓഗസ്റ്റ് അഞ്ചുവരെയാണ് സ്റ്റേ. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നടപടി. കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു സുപ്രിംകോടതി നിർദ്ദേശിച്ചത്.

ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സംസ്ഥാന പൊലീസിന്‍റെ ഉത്തരവ് അമിതാധികാര പ്രയോഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനയിലുള്ളത്. അതേസമയം തൊഴിലെടുക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന് വിരുദ്ധമാണ് പൊലീസ് നിര്‍ദ്ദേശമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കന്‍വാര്‍ യാത്രക്കാർക്ക് ഭക്ഷണ കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായിരുന്നു ഉത്തരവ് എന്നാണ് ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിശദീകരണം.

നേരത്തെ ഉത്തരവിനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്. അറിയാതെ പോലും വിശ്വാസ സംരക്ഷണത്തിന് കോട്ടം വരരുത്. യാത്രാവഴിയില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമാണ് യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

ഹോട്ടലുകളുടെയും വിളമ്പുന്ന ഭക്ഷണത്തിന്റെയും കാര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദേഹമുയര്‍ന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള നടപടിയെന്ന നിലയ്ക്കാണ് ഹോട്ടലുകള്‍ക്ക് മുന്നില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ പറയുന്നത്. ഭക്ഷണം സംബന്ധിച്ച് ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നാണ് നേരത്തെയുണ്ടായ അനുഭവങ്ങള്‍ കാണിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവ് സഹായകമായിരുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാർ മറുപടി നൽകിയിരുന്നത്.

Top