ഡൽഹി: സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്സ് ഉൾപ്പെടെയുള്ളവയ്ക്കുണ്ടായ വിലക്കയറ്റത്തിനെതിരെ സംവിധായകൻ കരൺ ജോഹർ. സാധാരണക്കാരായ നാലംഗ കുടുംബത്തിന് സിനിമ കണ്ട് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 10,000 രൂപയുടെ ചെലവുണ്ടാകും. പ്രതിമാസ സാമ്പത്തിക ആസൂത്രണത്തിൽ ഈ ചെലവ് ഉൾപ്പെടില്ലെന്നും കരൺ ജോഹർ പറഞ്ഞു.
‘ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ല. അവർക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാൻ കഴിയണമെന്നില്ല,’ കരൺ ജോഹർ പറഞ്ഞു.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല. അവർ ദീപാവലിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾ സിനിമാ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്.
കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ പോലുള്ളവ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകും. വില കൂടുതലായതിനാൽ മക്കൾ കാരമൽ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ പോലുമിടയില്ല,’ കരൺ ജോഹർ ചൂണ്ടിക്കാട്ടി.