ഭൂമി കുംഭകോണക്കേസ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയില്‍

ഭൂമി കുംഭകോണക്കേസ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയില്‍
ഭൂമി കുംഭകോണക്കേസ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയില്‍

ബെംഗളുരു: മൈസൂരു ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയില്‍. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ട് അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ ഹര്‍ജി നല്‍കി. സിദ്ധരാമയ്യയുടെ ഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് സിംഗിള്‍ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സിദ്ധരാമയ്യ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും ബാഹ്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വിയാണ് സിദ്ധരാമയ്യയ്ക്കായി കോടതിയില്‍ ഹാജരാകുന്നത്.

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ലേ ഔട്ട് വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പകരം ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി അനധികൃതമായി 14 പ്ലോട്ടുകള്‍ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാര്‍വതി, മകന്‍ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകള്‍ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പാര്‍വ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ ഭാര്യാ സഹോദരന്‍ പാര്‍വ്വതിക്ക് നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

ആരോപണം തനിക്കും സര്‍ക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരും കര്‍ണാടക ബിജെപി നേതാക്കളും ജെഡിഎസും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. സര്‍ക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികള്‍ സാമൂഹ്യ നീതി ഉറപ്പാക്കുന്നത് ഇവര്‍ക്ക് സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കര്‍ണാടക കോണ്‍ഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂര്‍ണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നല്‍കി.

Top