ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം

ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം
ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം

ഡൽഹി; മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താൽക്കാലിക ആശ്വാസം. ഓഗസ്റ്റ് 29ന് കേസിന്റെ അടുത്ത വിചാരണ വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് കർണാടക ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകി. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നൽകിയിരുന്നു.

ഇതേത്തുടർന്നാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതിനാൽ അടുത്ത വിചാരണ വരെ തുടർനടപടികൾ വിചാരണക്കോടതി കൈക്കൊള്ളരുതെന്ന് ഹൈക്കോടതി പറഞ്ഞു.

മലയാളിയായ ടി.ജെ.എബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവരാണ് സിദ്ധരാമയ്യയ്ക്കെതിരെ പരാതി നൽകിയത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയേറിയെന്നാണ് ആരോപണം. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനും ഭരണം തടസ്സപ്പെടുത്താനുമാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് സിദ്ധരാമയ്യയുടെ വാദം.

Top