ബെംഗളൂരു: വഖഫ് ഭൂമി തര്‍ക്കത്തില്‍ കര്‍ഷകര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ താക്കീതുമായി കര്‍ണാടക സര്‍ക്കാര്‍. വഖഫ് ഭൂ രേഖകളുടെ പരിധിയില്‍ വരുന്നതായി തര്‍ക്കമുള്ള കൃഷിഭൂമി ഒഴിയാന്‍ നോട്ടീസ് നല്‍കിയ റവന്യൂ വകുപ്പ് നടപടിയാണ് കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചത്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിയാണ് ജില്ലാ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയത്.
കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ കര്‍ഷകരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശതര്‍ക്കമുന്നയിച്ച വിഷയം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തില്‍ ഇടപെട്ടത്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാര്‍ കടാരിയയെ നേരിട്ട് വിളിച്ചു വരുത്തിയായിരുന്നു സിദ്ധാരാമയ്യ നടപടിക്ക് നിര്‍ദേശം നല്‍കിയത്. റവന്യു വകുപ്പ് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പ്രശ്‌നം കെട്ടടങ്ങാതായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിഎടുക്കാന്‍ സര്‍ക്കാര്‍ നീക്കം.
വിജയപുര, കല്‍ബുര്‍ഗി, ഹുബ്ബള്ളി എന്നീ ജില്ലകളില്‍ നിരവധി ഇടങ്ങളില്‍ കര്‍ഷകരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് ഉടമസ്ഥാവകാശം സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വിഷയം ബിജെപി സംയുക്ത പാര്‍ലമെന്ററി സമിതി മുന്‍പാകെ എത്തിക്കുകയും സമിതി അധ്യക്ഷന്‍ കര്‍ണാടകയില്‍ എത്തി നേരിട്ട് കര്‍ഷകരില്‍ നിന്ന് തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. വഖഫ് ബോര്‍ഡിന്റെ നടപടിയില്‍ ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരുമായി വഖഫ് (ഭേദഗതി) ബില്‍ 2024 സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ ജഗദാംബിക പാല്‍ നവംബര്‍ 7നായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കര്‍ണാടകയിലെ ഹുബ്ബള്ളിയിലും വിജയപുരയിലുമായിരുന്നു കൂടിക്കാഴ്ച.
തങ്ങളുടെ ഭൂമി തര്‍ക്കങ്ങള്‍ വഖഫ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ വിജയപുര ജില്ലയിലെ കര്‍ഷകരെ സാക്ഷികളായി ക്ഷണിക്കണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗദാംബിക പാല്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയെന്ന് വിജയപുര ജില്ലയിലെ ഒരു വിഭാഗം കര്‍ഷകര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. കര്‍ഷകരുടെ കൈവശമുള്ള ഭൂമികള്‍ ഒഴിപ്പിക്കില്ലെന്നും അവര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.