അര്‍ജുനെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ 4 ദിവസമായിട്ടും ഒന്നും ചെയ്തില്ല: കെ സുരേന്ദ്രന്‍

അര്‍ജുനെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ 4 ദിവസമായിട്ടും ഒന്നും ചെയ്തില്ല: കെ സുരേന്ദ്രന്‍
അര്‍ജുനെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ 4 ദിവസമായിട്ടും ഒന്നും ചെയ്തില്ല: കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍ പെട്ടുപോയ വാഹനത്തെയും അതില്‍ കുടുങ്ങിയവരെയും സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളോട് ആവര്‍ത്തിച്ച ആവശ്യപ്പെട്ടു. ഒരു നടപടിയും അവര്‍ എടുത്തില്ല. കര്‍ണാടക പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു.

അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ കര്‍ണാടകയിലെ ഫയര്‍ ഫോഴ്‌സ് തയ്യാറായില്ല. കര്‍ണാടകയിലെ സംവിധാനങ്ങള്‍ ഒന്നും ഇടപെട്ടില്ല. ഇപ്പോള്‍ ഈ നാലാമത്തെ ദിവസമാണ് അവര്‍ എന്തെങ്കിലും ഒരു ചെറു വിരല്‍ അനക്കാന്‍ തയ്യാറായത്. കര്‍ണാടക സര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസയോഗ്യമായ ഒരു മൂന്നാം ബദലിന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് ഫലം വിശകലനം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്‍ഡിഎ വോട്ട് ശതമാനം 20 ആയി വര്‍ധിച്ചതും ചരിത്രത്തിലാദ്യമായി സീറ്റ് നേടിയതും ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

മുസ്ലീം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപിക്കും മറ്റ് ഹിന്ദു സംഘടനകള്‍ക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണ്. ചില ക്രൈസ്തവ സംഘടനകളെയും അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇത് വെച്ചു പൊറുപ്പിക്കാന്‍ സാധിക്കില്ല. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എന്‍ഡിഎ മുന്നണിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top