ബംഗളൂരു: ബംഗളൂരുവിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം കര്‍ണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്.
ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബാംഗ്ലൂര്‍ – വയനാട് ദേശീയ പാത 766-ല്‍ ഗുണ്ടല്‍പേട്ട് വഴി കേരളത്തിലേക്കുള്ള യാത്ര തത്കാലം കര്‍ണാടക നിരോധിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് തീരുമാനം. പകരം യാത്രക്കാര്‍ ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ – ഗൂഡലൂര്‍ വഴി പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തേക്ക് രണ്ട് ഐഎഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. മലയാളികളായ പി .സി ജാഫര്‍, ദിലീഷ് ശശി എന്നിവരെയാണ് നിയോഗിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായം കര്‍ണാടകയില്‍ നിന്ന് എത്തിക്കും. ബന്ദിപ്പൂര്‍ വഴി രാത്രി യാത്രാ നിരോധനം ഉണ്ടെങ്കിലും സഹായത്തിന് പോകുന്ന സര്‍ക്കാര്‍ വാഹനങ്ങളെ കടത്തി വിടും, നിയന്ത്രണം ഉണ്ടാവില്ല. എല്ലാ സഹായത്തിനും കര്‍ണാടക തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.