കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് റെയ്ഡ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് രാവിലെ ഹാജരായ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ ചോദ്യം ചെയ്യൽ രാത്രി പത്തരയോടെ അവസാനിച്ചു. തൃശൂരിലെ ദേശസാൽകൃത ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യലിൽ വിവരങ്ങൾ ആരാഞ്ഞിരുന്നു.

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും കൗണ്‍സിലര്‍ പി കെ ഷാജനും ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഇഡിയുടെ മുന്നിൽ ഹാജരായത്. ഷാജനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും എം എം വർഗ്ഗീസിൻ്റെ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. പിന്നീട് രാത്രി പത്തരയോടെയായിരുന്നു എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്.

കഴിഞ്ഞ ദിവസം മുൻ എം പി പി കെ ബിജുവിനെ ഇ ഡി ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തേ അറസ്റ്റിലായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ബിജുവിനെതിരെ മൊഴി നൽകിയിരുന്നു. സതീഷ് കുമാർ ബിജുവിന് 2020ൽ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നുവെന്നായിരുന്നു മൊഴി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കാനുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗമായിരുന്നു ബിജു. അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങളാണ് ബിജുവില്‍ നിന്ന് ഇഡി തേടിയത്.

Top