CMDRF

കരുവന്നൂര്‍ കള്ളപ്പണ കേസ്; ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

കരുവന്നൂര്‍ കള്ളപ്പണ കേസ്; ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്
കരുവന്നൂര്‍ കള്ളപ്പണ കേസ്; ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് ചൂണ്ടി കാട്ടി എം എം വര്‍ഗീസ് കഴിഞ്ഞ രണ്ട് ദിവസവും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നുമായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നല്‍കിയ നോട്ടീസിന് മറുപടിയായി എം എം വര്‍ഗീസ് ഇ ഡിയെ അറിയിച്ചിരുന്നത്. വോട്ടെടുപ്പിന് ശേഷം ഹാജരാകാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇ ഡി എം എം വര്‍ഗ്ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് തന്നെ ഹാജരാകണം എന്ന കടുത്ത നിലപാടാണ് ഇ ഡി സ്വീകരിച്ചിരിക്കുന്നത്. ഇത് ആറാം തവണയാണ് എം എം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സിപിഐഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകള്‍, സ്വത്തുക്കള്‍ തുടങ്ങിയവയുടെ രേഖകള്‍ നല്‍കാനാണ് വര്‍ഗീസിനോട് ഇഡി ആവശ്യപ്പെടുന്നത്.

നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശ്ശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ ഏപ്രില്‍ രണ്ടിന് പിന്‍വലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പിന്‍വലിച്ച തുക ചെലവഴിക്കരുത് എന്ന നിര്‍ദ്ദേശവും ആദായ നികുതി വകുപ്പ് നല്‍കിയിരുന്നില്ല. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇ ഡി വാദം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം എം വര്‍ഗീസിന്റെ പ്രതികരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വവും വിമര്‍ശനം ഉന്നയിച്ചിരുന്നു.സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇഡി സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇ ഡി എം എം വര്‍ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

Top