കരുവന്നൂര്‍ കള്ളപ്പണ കേസ്; എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും

കരുവന്നൂര്‍ കള്ളപ്പണ കേസ്; എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും
കരുവന്നൂര്‍ കള്ളപ്പണ കേസ്; എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും

തൃശ്ശുര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. ഇഡി നേരത്തെയും വര്‍ഗീസിനെ പല തവണ ചോദ്യം ചെയ്തിരുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പ് കരുവന്നൂര്‍ കേസിലും സിഎംആര്‍എല്‍ കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം സിപിഐഎം വര്‍ഗീസിന് ഒന്നിന് പിറകെ ഒന്നായി ഇഡി നോട്ടീസ് നല്‍കിയിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസില്‍ മുന്‍ എംപി പി കെ ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ ആദ്യ ഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും കൈമാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കും ചുമതലകളും ഉള്ളതിനാല്‍ വോട്ടെടുപ്പിന് ശേഷം ഹാജരാക്കാമെന്നായിരുന്നു വര്‍ഗീസ് നല്‍കിയ മറുപടി. തുടര്‍ച്ചയായി ഹാജരാകാതിരുന്ന വര്‍ഗീസിനോട് നാളെ ഹാജരാകാനാണ് ഇപ്പോള്‍ ഇഡി നോട്ടീസ് നല്‍കിയത്. നാളെ ഹാജരാകുമെന്ന് വര്‍ഗീസും അറിയിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റികള്‍ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനാണ് ഇഡിയുടെ നേട്ടീസിലെ നിര്‍ദേശം.

Top