CMDRF

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്. നാളെ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇന്നലത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വീണ്ടും നോട്ടീസ് നല്‍കിയത്. ആറാം തവണയാണ് കരുവന്നൂര്‍ കേസില്‍ എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തത്. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഇഡി ചോദിച്ചറിഞ്ഞത്.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂര്‍ കള്ളപണ ഇടപാട് കേസില്‍ വര്‍ഗീസിന് പുറമെ സിപിഐഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

ആവശ്യപ്പെട്ട വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്നും ഇനിയും വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും ചോദ്യം ചെയ്യലിനു ശേഷം വര്‍ഗീസ് പ്രതികരിച്ചു. തൃശ്ശൂരില്‍ സിപിഎഐമ്മിന്റെ വിവിധ കമ്മിറ്റികള്‍ക്കുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ആണ് വര്‍ഗീസിനോട് ഇഡി ആവശ്യപ്പെട്ടത്. കരുവന്നൂര്‍ ബാങ്കിന് പുറമെ തൃശൂര്‍ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Top