CMDRF

കരുവന്നൂർ കേസ്: മുൻ എം.പി. പി.കെ. ബിജുവിന്റെ മൊഴിയെടുത്തു

കരുവന്നൂർ കേസ്: മുൻ എം.പി. പി.കെ. ബിജുവിന്റെ മൊഴിയെടുത്തു
കരുവന്നൂർ കേസ്: മുൻ എം.പി. പി.കെ. ബിജുവിന്റെ മൊഴിയെടുത്തു

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ മുൻ എം.പി.യും സി.പി.എം. നേതാവുമായ പി.കെ. ബിജുവിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണസംഘം മൊഴിയെടുത്തു. രാവിലെ പത്തേകാലോടെ ഹാജരായ ബിജുവിന്റെ മൊഴിയെടുക്കൽ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.

മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്നും ബിജുവിനെ ഇനിയും വിളിപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. തിങ്കളാഴ്ച ഹാജരാകാൻ നിർദേശം നൽകിയതായാണ് സൂചന. അന്വേഷണസംഘം ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്ന് പി.കെ. ബിജു പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിനാമി വായ്പകൾ നൽകിയതായി പി.കെ. ബിജുവും തൃശ്ശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി.കെ. ഷാജനും ചേർന്നുള്ള അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് ഭരണസമിതി അംഗങ്ങളെ സി.പി.എമ്മിൽനിന്നുതന്നെ പുറത്താക്കിയത്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പി.കെ. ബിജുവിൽനിന്ന്‌ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

കരുവന്നൂർ കേസിൽ അറസ്റ്റിലായ തൃശ്ശൂർ കോലഴി സ്വദേശിയും പണം പലിശയ്ക്ക് കൊടുക്കുന്നയാളുമായ പി. സതീഷ് കുമാറുമായി ബന്ധപ്പെട്ട് ഒരു മുൻ എം.പി.ക്ക് കേസിൽ ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ മാപ്പുസാക്ഷിയാകുമെന്ന് കരുതുന്ന സതീഷ് കുമാറിന്റെ ഇടനിലക്കാരനും സി.പി.എം. അംഗവുമായ കെ.എ. ജിജോറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. ഇത് പി.കെ. ബിജുവാണെന്ന രീതിയിൽ വൻ പ്രചാരം നടന്നിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കുകയോ മുൻ എം.പി.യുടെ പേര് ഇതുവരെ ഇ.ഡി. വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

Top