വാഷിങ്ടൺ: അമേരിക്കയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സി ആയ സി.ഐ.എ യുടെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ എത്തുമെന്ന് സൂചന. ഗുജറാത്തി വേരുകളോടെ അമേരിക്കയിൽ ജനിച്ചുവളർന്ന കശ്യപിനാണ് നറുക്ക് വീഴാൻ സാധ്യത, ട്രംപിന്റെ വിശ്വസ്തനാണ് കശ്യപ്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനായ കശ്യപ്, ഒന്നാം ട്രംപ് ഭരണകൂടത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച പട്ടേല്‍ ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്.
ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. സി.ഐ.എ തലവനായി കശ്യപ് പട്ടേലിനെയാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കിലും വൈറ്റ് ഹൌസിലെ നിയമ വിഭാഗമായ സെനറ്റിന്റെ അംഗീകാരം കൂടി ഇതിനാവശ്യമാണ്. സെനറ്റിലും വൻ വിജയം കരസ്ഥമാക്കിയതോടെ അവിടെയും റിപ്പബ്ലിക്കന്മാർക്കാണ് ആധിപത്യം.
Also Read: പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ ഇസ്രയേൽ
പ്രസിഡൻറായ ഡൊണാൾഡ് ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന’ മനുഷ്യൻ എന്നാണ് കശ്യപ് അറിയപ്പെടുന്നത്. ട്രംപ് പ്രസിഡന്റായ ആദ്യ ടേമിൽ അഭിഭാഷകനായ കശ്യപ് പട്ടേലിനെ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ഗുജറാത്തി വംശജരായ കശ്യപ് പട്ടേലിന്റെ മാതാപിതാക്കൾ കിഴക്കൻ ആഫ്രിക്കയിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് 1970ഫകളിൽ ഉഗാണ്ടയിൽ നിന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.1980ൽ ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് പട്ടേൽ ജനിച്ച് വളർന്നത്.
നാഷനൽ ഇന്റലിജൻസ് ആക്ടിങ് ഡയറക്ടറുടെ മുതിർന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. യു.കെയിലെ യൂനിവേഴ്സിറ്റി കോളേജ് ലണ്ടൻ ഫാക്കൽറ്റി ഓഫ് ലോസിൽ നിന്ന് ഇൻ്റർനാഷണൽ ലോയിൽ ബിരുദം നേടിയ അദ്ദേഹം പട്ടേൽ റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കി. ഒരു പബ്ലിക് ഡിഫൻഡറായി തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറൽ കോടതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിരവധി കേസുകൾ കൈാര്യം ചെയ്തു.