മണ്ണാര്‍ക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് ജനപ്രതിനിധികള്‍, കര്‍ഷക സംഘടന പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവർ പങ്കെടുത്തു. ഭൂപടത്തില്‍ പരിസ്ഥിതിലോല മേഖലകള്‍ അല്ലാത്ത ഇടങ്ങളിലേക്ക് കൂടി വില്ലേജ് അതിര്‍ത്തികള്‍ കയറിവന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പുതിയ വിജ്ഞാപനത്തില്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇത് പരിഹരിക്കണമെന്നും പഞ്ചായത്തുകള്‍ അന്തിമമായി നല്കിയ ഭൂപടങ്ങളാണ് അംഗീകരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഭൂപടത്തില്‍ വന്ന പിശകുകള്‍ ജില്ല കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം. ജനജീവിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാതെ ഭൂപടം സമര്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം.
Also Read: ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങൾ
യോഗത്തിന്റെ ആശങ്കകള്‍ ബന്ധപ്പെട്ട പരിസ്ഥിതി വകുപ്പ് മേധാവി ജൂഡ് ഇമ്മാനുവേലുമായി ഓണ്‍ലൈന്‍വഴി പങ്കുവെച്ചു. നിര്‍ദ്ദിഷ്ട വില്ലേജുകളെ പൂര്‍ണമായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് എം.എല്‍.എ പറഞ്ഞു. ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍, വ്യാപാര മേഖലകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റികൊടുക്കണം. എങ്കിലേ മലയോര മേഖലയിലെ ജീവിതം മുന്നോട്ടുപോകൂ.
തെറ്റുകള്‍ തിരുത്തിയശേഷം പഞ്ചായത്തുകള്‍ അന്തിമമായി നല്കിയ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാകില്ല. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഏഴ് വില്ലേജുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആറെണ്ണം അട്ടപ്പാടി ട്രൈബല്‍ താലൂക്കിലാണ്. മറ്റൊന്ന് തെങ്കര പഞ്ചായത്ത് പരിധിയിലാണ്. യോഗത്തിൽ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചുമതലപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തും.
Also Read: അരൂര്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞു
ആവശ്യമായ ഇടപെ ലുകളും നടത്തും. പരിസ്ഥിതിലോല മേഖല വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകും. സാധ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നിതാന്ത ജാഗ്രത ആവശ്യമാണെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വിവിധ തദേശസ്ഥാപന ജനപ്രതിനിധികളായ എ. ഷൗക്കത്തലി, പി. രാമമൂര്‍ത്തി, മരുതി മുരുകന്, ശ്രീലക്ഷ്മി ശ്രീകുമാര്‍, കര്‍ഷക സംഘടന പ്രതിനിധികളായ അഹമ്മദ് അഷ്റഫ്, ഫാ. സജി വട്ടുകുളം, സണ്ണി കിഴക്കേക്കര, സജി മെഴുകുംപാറ എന്നിവര്‍ സംസാരിച്ചു.