CMDRF

കവരപ്പേട്ട ട്രെയിൻ അപകടം; അട്ടിമറിയെന്ന് സംശയം !

അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം ചെയ്തതായും പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായുമുള്ള വിവരങ്ങളും പുറത്തുവന്നു.

കവരപ്പേട്ട ട്രെയിൻ അപകടം; അട്ടിമറിയെന്ന് സംശയം !
കവരപ്പേട്ട ട്രെയിൻ അപകടം; അട്ടിമറിയെന്ന് സംശയം !

ചെന്നൈ: ട്രെയിൻ അപകടം ഉണ്ടാവാൻ കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). തിരുവള്ളൂർ കവരപ്പേട്ടയിലെ അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം ചെയ്തതായും പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായുമുള്ള വിവരങ്ങളും പുറത്തുവന്നു. സംഭവത്തിൽ ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. ഇനി ഇടിയുടെ ആഘാതത്തിൽ പാളത്തിലെ ബോൾട്ടുകൾ ഇളകിയതാണോയെന്നു പരിശോധിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് റെയിൽവേ പൊലീസ് 3 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു. കവരപ്പേട്ട സ്റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യും.

Also Read: ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’; വീസയെ ബാധിച്ചേക്കും

കൊരുക്കുപ്പെട്ട് പൊലീസ്, സ്റ്റേഷൻ മാസ്റ്റർ ആയ മുനി പ്രസാദ് ബാബു നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. മാരകമായ മുറിവേൽപ്പിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുക, അശ്രദ്ധമൂലം ട്രെയിൻ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തത്. പ്രഥമവിവര റിപ്പോർട്ട് ലഭിച്ചതിനാൽ ഓരോരുത്തർക്കും സമൻസ് അയച്ച് ചോദ്യം ചെയ്യാനും റെയിൽവേ പൊലീസ് പദ്ധതിയിട്ടിട്ടുണ്ട്.

അന്ന് നടന്നത്…

NDRF TEAM INSPECTING THE TRAIN ACCIDENT SITE IN KAVARPETTA

11നു രാത്രിയാണ് മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. 22 കോച്ചുകളുള്ള ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റി. 6 കോച്ചുകൾ പൂർണമായി നശിച്ചു. 3 ദിവസമായി നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ 2 കോച്ചുകൾക്കു തീപിടിച്ചു. അപകടവുമായി ബന്ധപ്പെട്ട് ചെന്നൈ ഡിവിഷനൽ റെയിൽവേ മാനേജർ, 13 റെയിൽവേ ജീവനക്കാർക്ക് സമൻസ് അയച്ചു.

Also Read: പന്നു വധശ്രമക്കേസിലെ ഇന്ത്യൻ പങ്ക്; ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടൻ സന്ദർശിക്കും

ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവരെ ഉടനെ തന്നെ ചോദ്യംചെയ്യും. റെയിൽവേ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരി 16, 17 തീയതികളിൽ ചെന്നൈയിൽ തെളിവെടുപ്പും നടത്തും.

Top