ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി. അഞ്ച് മാസങ്ങൾക്കുശേഷം ജയിലിൽനിന്ന് പുറത്തിറങ്ങുന്ന കവിതയെ സ്വീകരിക്കാൻ ജയിൽ സമുച്ചയത്തിന് മുന്നിൽ ബി.ആർ.എസ് പ്രവർത്തകർ ആഘോഷം ഒരുക്കിയിരുന്നു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കളളപ്പണം വെളുപ്പിക്കൽ കേസുമാണ് കവിതയ്‌ക്ക് എതിരെയുളളത്. കഴിഞ്ഞ മാർച്ച് 15 നാണ് കവിത അറസ്റ്റിലായത്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിലവിൽ സിബിഐ യും ഇഡിയും അന്വേഷണം നടത്തി വരുന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഇരുകേസുകളിലുമായി 10 ലക്ഷം രൂപ വീതം ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്‌പോർട്ടും വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Also Read: രാജിവെക്കുന്നത് ഒളിച്ചോട്ടമെന്ന് സരയു, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ; അമ്മയിൽ ഭിന്നത
കവിതയുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതിയെ വിമർശിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കവിതക്ക് ജാമ്യം അനുവദിച്ചത്. ചില പ്രതികളെ കേസിലെ മാപ്പുസാക്ഷികളാക്കി മാറ്റിയതിന്റെ സാംഗത്യം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. തോന്നുന്ന ആരെയും നാളെ നിങ്ങൾക്ക് പൊക്കാനാകുമോ എന്ന് സുപ്രീംകോടതി സി.ബി.ഐയോടും ഇ.ഡിയോടും ആരാഞ്ഞു. ചിലരെ തെരഞ്ഞെടുത്ത് പ്രതിയാക്കാൻ പറ്റില്ല. അതിലെവിടെയാണ് നീതി? കവിതയുടെ ജാമ്യാപേക്ഷയെ ഇനിയുമെതിർത്താൽ കോടതിക്ക് കടുത്ത ചില നിരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് കേന്ദ്ര ഏജൻസികൾക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് ജസ്റ്റിസ് ബി.ആർ. ഗവായ് മുന്നറിയിപ്പ് നൽകി.