ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ മാര്‍ച്ച് 26 വരെ കസ്റ്റഡിയില്‍ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ കെ കവിത നേതാക്കള്‍ നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മദ്യനയത്തില്‍ കവിതയുമായി ബന്ധമുള്ള വ്യവസായികള്‍ക്ക് അനൂകൂലമായ നടപടികള്‍ക്കാണ് കോഴ നല്‍കിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഇ ഡി പറയുന്നു. കവിതയെ മറ്റുപ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.
വെള്ളിയാഴ്ചയാണ് ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായ അറസ്റ്റില്‍ ബിആര്‍എസ് കടുത്ത പ്രതിഷേധമാണ് നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന അറസ്റ്റ് കരുതിക്കൂട്ടിയുള്ളതാണെന്ന വാദവുമായാണ് ബിആര്‍എസ് പ്രതിഷേധം.