കൊച്ചി: മലയാള സിനിമയുടെ പൊന്നമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി കേരളം. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിന്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്.
ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. രാവിലെ എറണാകുളം കളമശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.