മോദിയെ തോല്‍പ്പിക്കാന്‍ രാജ്യസഭ പോര, അതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍

മോദിയെ തോല്‍പ്പിക്കാന്‍ രാജ്യസഭ പോര, അതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍
മോദിയെ തോല്‍പ്പിക്കാന്‍ രാജ്യസഭ പോര, അതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍

രാജ്യസഭ അംഗമായിട്ടും ആലപ്പുഴയില്‍ മത്സരിക്കാന്‍ വന്നത് മോദിയെ താഴെയിറക്കാന്‍ ലോകസഭ മെമ്പര്‍മാരെ കൊണ്ടേ സാധിക്കൂ എന്നതു കൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാലിന്റെ ന്യായീകരണം. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇത്തരമൊരു വാദം അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം ആലപ്പുഴയിലെ മത്സരം വലിയ കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.’രാഷ്ട്രീയത്തില്‍ റിസ്‌ക്കെടുക്കണമല്ലോ, പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെടുമ്പോള്‍ ആ റിസ്‌ക്കെടുക്കാന്‍ താന്‍ തയ്യാറാണെന്നാണ് കെ.സി പറയുന്നത്. പരമാവധി നേതാക്കന്മാരോട് മത്സരിക്കണം, ജയിക്കണം എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറഞ്ഞിരിക്കുന്നത്. അത് ഇത്തവണ സംഭവിക്കും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പതാക വിവാദത്തിലും കെ.സി പ്രതികരിച്ചു.’ഞങ്ങളുടെ പതാക ഞങ്ങളുടെ ഹൃദയത്തിലാണ്. അത് എപ്പോള്‍ പിടിക്കണം എവിടെ പിടിക്കണം എന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. സ്വന്തം പതാക സംരക്ഷിക്കാന്‍ കഴിയാത്തവര്‍ ഞങ്ങളുടെ പതാകയെക്കുറിച്ച് വിലപിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സി ചോദിച്ചു.

ലീഗില്ലാതെ കോണ്‍ഗ്രസ്സിന് നിലനില്‍പ്പുണ്ടോ എന്ന ചോദ്യത്തിന് ‘കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്” എന്ന് ചൂണ്ടിക്കാട്ടിയ കെ.സി വേണു ഗോപാല്‍, ആ ചോദ്യത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാനുള്ളതെന്ന് ചോദിച്ച് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ ലീഗ് മുന്നണി വിടുമെന്ന പ്രചരണം ശക്തമായിരിക്കെയാണ്, അതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും കെ.സി വേണുഗോപാല്‍ ഒഴിഞ്ഞു മാറിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

2019- ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോള്‍ ഇടതുപക്ഷം വിജയിച്ച ഏക സീറ്റാണ് ആലപ്പുഴ. അതുകൊണ്ടു തന്നെ ഇത്തവണ കെ.സി വേണുഗോപാല്‍ കടുത്ത മത്സരമാണ് നേരിടുന്നത്. മുന്‍ ആലപ്പുഴ എം.പി കൂടിയായ കെ.സിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അത് സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ ഉള്ള സ്വാധീനം വരെ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും. മാത്രമല്ല, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടാനുള്ള സാധ്യതയും അതോടെ കെ.സി വേണുഗോപാലിനു മുന്നില്‍ അടയും.

Top