ആലപ്പുഴ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും ജയിച്ച യു.ഡി.എഫ് തരംഗത്തിനിടയിലും എൽ.ഡി.എഫിന് പിടിവള്ളിയായ ഏക സീറ്റായിരുന്നു ആലപ്പുഴ. അന്ന് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ എ.എം. ആരിഫ് തറപറ്റിച്ചത് 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
ഇത്തവണ കെ.സി വേണുഗോപാൽ 4,04,560 വോട്ട് പിടിച്ചപ്പോൾ രണ്ടാമതെത്തിയ എ.എം ആരിഫിന് 3,41,047 വോട്ടാണ് ലഭിച്ചത്. ഇത്തവണ ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയ ബി.ജെ.പി വോട്ട് ഒരു ലക്ഷത്തിലധികമാണ് വർധിച്ചത്. 2,99,648 വോട്ടാണ് ശോഭ നേടിയത്.2019ൽ ആരിഫ് 4,45,981 വോട്ട് നേടിയപ്പോൾ ഷാനിമോൾക്ക് ലഭിച്ചത് 4,35,496 വോട്ടാണ്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണൻ 1,87,729 വോട്ടും പിടിച്ചു.
‘കനൽ ഒരുതരി മതി’ എന്നായിരുന്നു ആരിഫിന്റെ ജയത്തെ കുറിച്ച് എൽ.ഡി.എഫ് അണികളുടെ പ്രതികരണം. എന്നാൽ, ആലപ്പുഴയിലെ ആ ‘കനൽ’ കെടുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ നിയോഗിച്ച യു.ഡി.എഫിന് പിഴച്ചില്ല. 63,513 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് കെ.സി സ്വന്തമാക്കിയത്.