കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്ക് പുറമെ സാധ്യമായ സഹായങ്ങളാല്‍ ചെയ്യുമെന്നും ലോകത്തെ ക്രിക്കറ്റ് താരങ്ങളിലേക്ക് സഹായാഭ്യാര്‍ത്ഥന എത്തിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്താനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് വയനാടിനൊപ്പം സര്‍വ്വ സാധ്യമായതെല്ലാം ചെയ്ത് കൂടെയുണ്ടാകുമെന്ന ഉറപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയത്. അതേ സമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കി.
ക്രിക്കറ്റ് മേഖലയിലെ പ്രമുഖരില്‍ നിന്ന് പരമാവധി സഹായം വയനാടിന് ലഭ്യമാക്കാനാണ് കെസിഎയുടെ തീരുമാനം. ബിസിസിഐയില്‍ നിന്നടക്കം കെസിഎ സഹായം തേടും. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കം നിരവധി ഇന്ത്യന്‍ താരങ്ങള്‍ സഹായ സന്നദ്ധത ഇതിനകം തന്നെ അറിയിച്ചിരുന്നതായും കെസിഎ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ സഞ്ജു സാംസണ്‍ അടക്കമുള്ള ദേശീയ താരങ്ങള്‍ വഴി വിദേശ താരങ്ങളിലേക്കും സഹായ പദ്ധതി എത്തിക്കാന്‍ കെസിഎ ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ 2018 പ്രളയ സമയത്ത് ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സണ്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.