കേരളത്തിലെ 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 26-ന് രാത്രി 11.59 വരെ www.cee.kerala.gov.in വഴി നടത്താം. കേരളത്തിലെ മെഡിക്കൽറാങ്ക് പട്ടികയിൽ സ്ഥാനം നേടിയ, നീറ്റ് യു.ജി. 2024 യോഗ്യതാ വ്യവസ്ഥ (കാറ്റഗറി അനുസരിച്ച് 50-ാം/45-ാം/40-ാം പെർസന്റൈൽ സ്കോർ) തൃപ്‌തിപ്പെടുത്തുന്നവർക്കാണ് എം.ബി.ബി.എസ്./ ബി.ഡി.എസ്. ഓപ്ഷൻ നൽകാൻ അവസരമുള്ളത്.
എം.ബി.ബി.എസിന് 12 സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും 17 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുമാണ് ഓപ്ഷൻ വിളിച്ചിരിക്കുന്നത്. ഇവയിൽ കോഴിക്കോട്, കോട്ടയം, ഇടുക്കി, കോന്നി ഗവ. മെഡിക്കൽ കോളേജുകളിലേക്കുള്ള അലോട്‌മെന്റ്, ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റ് സർക്കാർ ഉത്തരവുകൾക്ക് വിധേയമായിരിക്കും.
ബി.ഡി.എസിന് ആറ് സർക്കാർ ഡെന്റൽ കോളേജുകളിലേക്കും 20 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലേക്കും ഓപ്‌ഷൻ നൽകാൻ സൗകര്യമുണ്ട്.