ഡൽഹി: കെജ്‌രിവാൾ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നുവെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ്. ‘ആദ്യമായാണ് സത്യസന്ധതയുടെ പേരിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കേന്ദ്രം എല്ലാ ഏജൻസികളെയും മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ചു. കെജ്‌രിവാൾ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നു’, അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കാൻ ഡൽഹിയിലെ ജനങ്ങൾ ആർത്തിയോടെ കാത്തിരിക്കുകയാണെന്നും അവർ വോട്ട് ചെയ്ത് കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്നും സൗരഭ് കൂട്ടിച്ചേർത്തു. കെജ്‌രിവാൾ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തിനിടെ ബിജെപി എന്തൊക്കെ ചെയ്തിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ജനങ്ങളിലും സത്യസന്ധതയിലും വിശ്വാസമുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം, തന്നെ വിശ്വാസമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറയുന്ന മുഖ്യമന്ത്രി ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലായിരുന്നു സൗരഭിന്റെ പ്രതികരണം.
‘ലോകം മുഴുവൻ കെജ്‌രിവാളിന്റെ രാജി ചർച്ച ചെയ്യുന്നു. ജയിലിൽ വെച്ച് കെജ്‌രിവാൾ രാജിവെച്ചിരുന്നുവെങ്കിൽ ബിജെപി പറയുമായിരുന്നു ഞങ്ങൾ രാജി വെപ്പിച്ചു എന്ന്. എന്നാൽ പോരാടി പുറത്ത് വന്നിട്ടാണ് രാജി പ്രഖ്യാപിച്ചത്. കെജ്‌രിവാളിന്റെ തീരുമാനത്തെ ജനങ്ങൾ പ്രശംസിക്കുന്നു’, സൗരഭ് പറഞ്ഞു.