CMDRF

കെജ്രിവാളിന്റെ ആരോഗ്യനില മോശമെന്ന് അഭിഭാഷകൻ

കെജ്രിവാളിന്റെ ആരോഗ്യനില മോശമെന്ന് അഭിഭാഷകൻ
കെജ്രിവാളിന്റെ ആരോഗ്യനില മോശമെന്ന് അഭിഭാഷകൻ

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്ന അവസ്ഥയാണെന്നും ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് പലപ്പോഴും 50നു താഴേക്ക് പോകുന്നുണ്ടെന്നും സിങ്‍വി പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് അപകടകരമാണെന്നും മരണത്തിന് വരെ കാരണമായേക്കാമെന്നുമാണ് ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ അദ്ദേഹം വ്യക്തമാക്കിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ഒരു കാരണവും കൂടാതെയാണ് തന്റെ കക്ഷിയായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെ കസ്റ്റഡിയിലുള്ളപ്പോൾ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 5 തവണയാണ് 50ന് താഴേക്ക് പോയതെന്നും സിങ്‍വി കോടതിയിൽ വ്യക്തമാക്കി. ഡൽഹി സർക്കാർ റദ്ദാക്കിയ ഒരു മദ്യനയത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിബിഐ രംഗത്ത് വന്നതെന്നും പിന്നാലെയാണ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും സിങ്‍വി ആരോപിച്ചു.

മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത ശേഷം കെജ്രിവാളിന്റെ ഭാരം 8.5 കിലോയോളം കുറഞ്ഞതായി എഎപി നേതാവ് സഞ്ജയ് സിങ് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റിലാകുമ്പോൾ കെജ്രിവാളിന്റെ ഭാരം 70 കിലോ ആയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ഭാരം 61.5 കിലോ ആണെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി. കാരണമില്ലാതെ ശരീര ഭാരം ഒറ്റയടിക്ക് കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നുമാണ് എഎപി നേതാക്കൾ പറയുന്നത്.

Top