കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോള്‍ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
വിരസമായ ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാജ്സന്‍ പഞ്ചാബിനെ മുന്നിലെത്തിത്തു. ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയനതിനാണ് പഞ്ചാബിന് പെനാല്‍റ്റി ലഭിക്കുന്നത്. മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്.
ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍. അഡ്രിയാന്‍ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കാണാമായിരുന്നു. മത്സരത്തിന്റെ 43ആം മിനിറ്റില്‍ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.