ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളുരു എഫ്‌സി പൂർണ സജ്ജരാണെന്ന് ഓസ്‌ട്രേലിയൻ താരം റയാൻ വില്യംസ്. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ടീമിന്റെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ആദ്യ മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള ടീമാണ് ബെംഗളൂരു എഫ്‌സി. ഐഎസ്എല്ലിൽ ഇതുവരെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ഈസ്റ്റ് ബംഗാളിനായിട്ടില്ല. രാത്രി 7.30നാണ് മത്സരം.
ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തെ കുറിച്ചും റയാൻ സംസാരിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും റയാൻ. ”ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നത് ആവേശകരമായ അനുഭവമാണ്. കഴിഞ്ഞ സീസണിലെ തിരിച്ചടികൾ മറന്ന് കുതിക്കാൻ ബെംഗളൂരു എഫ് സി. ടീം പൂർണ സജ്ജമാണ്. കൃത്യമായ മുന്നൊരുക്കം നടത്തി. എവേ മത്സരങ്ങളിലെ പിഴവുകൾ പരിഹരിക്കുകയാണ് പ്രധാനം.” റയാൻ വ്യക്തമാക്കി.
Also Read:ഐ.എസ്.എല്‍ ആദ്യ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി കുറച്ച് കേരള ബ്ളാസ്റ്റേഴ്‌സ്
ഇന്ന് ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി വൈകിട്ട് അഞ്ചിന് ഒഡീഷ എഫ്‌സിയെ നേരിടും. ഒഡീഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ചെന്നൈയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ചതിന്റെ ആവേശത്തിലാണ് ഒഡീഷ ഇന്നിറങ്ങുന്നത്. ചെന്നൈയിൻ എഫ് സി ശക്തമായ ടീമുമായാണ് ഇത്തവണ ഇറങ്ങുന്നതെന്ന് ക്യാപ്റ്റൻ റയാൻ എഡ്വാർഡ്‌സ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെക്കാൾ മികച്ച തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നതെന്നും ചെന്നൈയിൻ നായകൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ ചെന്നൈയിൻ ഇത്തവണ ടീമിന്റെ മുന്നൊരുക്കത്തിലും ഹാപ്പിയാണ്. ഓരോ സീസൺ കഴിയുന്തോറും ഐ എസ് എല്ലിന്റെ നിലവാരം ഉയരുന്നുണ്ടെന്നും റയാൻ എഡ്വാർഡ്‌സ് പറയുന്നു.അതേസമയം, മുംബൈ സിറ്റി – മോഹൻ ബഗാൻ മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. രണ്ട് ഗോളുകൾക്ക് പിന്നിലായതിന് ശേഷമാണ് മുംബൈ തകർപ്പൻ തിരിച്ചുവരവ് നടത്തിയത്.